Video Of Day

Breaking News

സണ്‍ ഗ്ലാസില്‍ ഒളിക്യാമറ ഘടിപ്പിച്ച് റുക്സാന രാഷ്ട്രീയ നേതാക്കളുടെ അശ്ലീലം പകര്‍ത്തി


കൊച്ചി: ഇരകളെ മുന്തിയ ഹോട്ടലുകളിലേക്കും ആഡംബര ഫ്ലാറ്റുകളിലേക്കും വശീകരിച്ചുകൊണ്ടുപോയി അനാശാസ്യരംഗങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുന്ന സംഘത്തിന്റെ പിടിയില്‍ രാഷ്ട്രീയക്കാരടക്കം പല ഉന്നതരും പെട്ടെന്ന് സൂചന. ഇന്നലെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ട തട്ടിപ്പ് സംഘത്തിലെ ചിലരെ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയമാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. രാഷ്ട്രീയ രംഗത്തെ ചില ഉന്നതര്‍ ബ്ലാക്ക് മെയിംലിംഗിന് ഇരയായതായാണ് വിവരം.

കേസില്‍ പിടിയിലാകാനുള്ള ഒരു ഇടനിലക്കാരന്‍ വഴിയാണ് രാഷ്ട്രീയ നേതാക്കളെ കുടുക്കിയത്. കുടുങ്ങിയവരില്‍ ഒരു യുവനേതാവും ഉണ്ടെന്നാണ് അറിയുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റയാളാണ്  യുവ നേതാവ് എന്നാണ് വിവരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ തട്ടിപ്പില്‍ മറ്റു രംഗങ്ങളിലെ പ്രമുഖരും കുടുങ്ങിയിട്ടുണ്ട്. മാനഹാനി ഭയന്നാണ് ആരും ഇതുവരെ കേസുമായി മുന്നോട്ടു വരാത്തതെന്നാണ് സൂചന.

ഇവരില്‍ പലരുടേയും ഒളികാമറ രംഗങ്ങള്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പരാതിപ്പെടാന്‍ ആരും തയ്യാറല്ല. അതേ സമയം ഇവര്‍ക്കെതിരേ പരാതിപ്പെട്ട ഒരാള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് സംഘം ഇവരില്‍ നിന്ന് വാങ്ങിയെന്നാണ് അറിയുന്നത്. അടുത്ത ദിവസം ഇവരുടെ താവളങ്ങളില്‍ നടക്കുന്ന അന്വേഷണങ്ങളില്‍ ഒളി കാമറകളും സിഡികളും കണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കാമറകള്‍ നശിപ്പിക്കുകയും സിഡികള്‍ ഇരകള്‍ക്ക് തിരികെ നല്‍കുകയും ചെയ്‌തെന്നാണ് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞത്. എന്നാല്‍ പോലീസ് ഇതു വിശ്വസിച്ചിട്ടില്ല.

എറണാകുളം വെണ്ണല ഡിഡി ഗോള്‍ഡന്‍ ഗെയ്റ്റില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശിനി സൂര്യ (ബിന്ധ്യാ തോമസ്-32), ചിലവന്നൂര്‍ ഗാലക്‌സി വിന്‍സ്റ്റന്‍ ഫഌറ്റില്‍ താമസിക്കുന്ന ആലപ്പുഴക്കാരി റുക്‌സാന ബി. ദാസ് (29), വടുതല കുറ്റാട്ടുശേരിയില്‍ അഡ്വ. സനിലന്‍ (43), തെക്കന്‍ പറവൂര്‍ കണ്ടത്തില്‍ തോമസ് ജേക്കബ് (പ്രജീഷ്-35) എന്നിവരെയാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി (സാമ്പത്തിക കുറ്റവിചാരണ)നാലു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

രണ്ടു പ്രവാസി മലയാളികളെ കൊച്ചി വൈറ്റിലയിലെ ആഡംബര ഹോട്ടലില്‍ കൊണ്ടുപോയി കിടപ്പറ രംഗങ്ങള്‍ സണ്‍ഗ്ലാസില്‍ ഒളിപ്പിച്ചിരുന്ന കാമറയില്‍ പകര്‍ത്തി അതിന്റെ മാസ്റ്റര്‍ സിഡി കാട്ടി ഭീഷണിപ്പെടുത്തി മൂന്നു കോടി രൂപയ്ക്കായി വിലപേശി എന്ന കേസിലാണ് പ്രതികള്‍ കുടുങ്ങിയത്. ആവശ്യപ്പെട്ട പണം കൊടുത്തില്ലെങ്കില്‍ ലൈംഗിക പീഡനത്തിനു കേസെടുപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തെ വെഞ്ഞാറമ്മൂട് പോലീസ് സ്റ്റേഷനില്‍ പീഡനം സംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തിരുന്നു.

വൈറ്റിലയിലെ ഹോട്ടലിലും ഒളികാമറ വാങ്ങിയ പെരുമ്പാവൂരിലെ ഇലക്ട്രോണിക്‌സ് ഷോപ്പിലും പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോയി. ഈ കടയില്‍ നിന്നു പലപ്പോഴായി ഇവര്‍ അഞ്ചു കാമറകള്‍ വാങ്ങിയിട്ടുണ്ടെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ ഭീഷണിക്ക് ഇരകളായിട്ടുണ്ടെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നു പോലീസ് ചൂണ്ടിക്കാട്ടി. സെന്‍ട്രല്‍ സിഐ വൈ. നിസാമുദ്ദീന്‍, നോര്‍ത്ത് സിഐ എന്‍.സി. സന്തോഷ്, ഷാഡോ എസ്‌ഐ അനന്തലാല്‍, പാലാരിവട്ടം എസ്‌ഐ എം.കെ സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം തുടരുന്നത്.
കടപ്പാട്: രാഷ്ട്രദിപിക

അഭിപ്രായങ്ങളൊന്നുമില്ല