Video Of Day

Breaking News

എന്റെ കുപ്പായം ഞാന്‍ കൊലപാതകികള്‍ക്ക് കൈമാറില്ല': ക്രിസ്റ്റ്യാനോ, വീഡിയോ വൈറലാകുന്നു

ലിസ്ബണ്‍:'എന്റെ കുപ്പായം ഞാന്‍ കൊലപാതകികള്‍ക്ക് കൈമാറില്ല'. ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം ഇസ്രാഈല്‍ കളിക്കാരന് തന്റെ ജഴ്‌സി കൈമാറാന്‍ വിസമ്മതിച്ചു കൊണ്ട് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞ വാക്കുകളാണിത്. ഇസ്രാഈലിന്റെ അതിക്രമത്തിനിരയാവുന്ന ഫലസ്തീന്‍ ജനതയോട് മുമ്പും അനുഭാവം പ്രകടിപ്പിച്ചിട്ടുള്ള ക്രിസ്റ്റ്യാനോയുടെ ഈ പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ഒരു വര്‍ഷം മുമ്പാണ് സംഭവമെങ്കിലും പ്രമുഖ അമേരിക്കന്‍ ജേണലായ വെറ്ററന്‍സ് ന്യൂസ് നൗ (http://www.veteransnewsnow.com/) കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഇത് കൂടുതല്‍ പേരിലെത്തിയത്.

ഇസ്രാഈലിലെ ടെല്‍ അവീവില്‍ നടന്ന മത്സരത്തിനു ശേഷം കളിക്കാര്‍ പരസ്പരം കുപ്പായങ്ങള്‍ കൈമാറുന്നതിനിടെയായിരുന്നു റയല്‍ മാഡ്രിഡ് താരം ഫലസ്തീനുള്ള പിന്തുണ അറിയിച്ചു കൊണ്ട് പ്രതികരിച്ചത്. മറ്റ് താരങ്ങളെല്ലാം തങ്ങളുടെ ജഴ്‌സികള്‍ കൈമാറിയപ്പോള്‍ തന്റെ ജഴ്‌സി ആവശ്യപ്പെട്ട ഇസ്രാഈല്‍ കളിക്കാരനെ അവഗണിച്ച് നേരെ ഗ്രൗണ്ടിന് പുറത്തേക്ക് നടക്കുകയാണ് താരം ചെയ്തത്.

ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ഫുട്‌ബോള്‍ താരങ്ങളിലൊരാളായ ക്രിസ്റ്റിയാനോ ഇതിനു മുമ്പും ഫലസ്തീനുള്ള തന്റെ അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരമായി ലഭിച്ച സുവര്‍ണ പാദുകം 2012-ല്‍ അദ്ദേഹം ഫലസ്തീന്‍ ജനതക്ക് സമ്മാനിച്ചിരുന്നു. റയല്‍ മാഡ്രിഡിന്റെ ചാരിറ്റി ഫൗണ്ടേഷനിലൂടെ ബൂട്ട് ലേലം ചെയ്ത് 15 ലക്ഷം യൂറോ (12 കോടി രൂപയിലധികം) യാണ് നല്‍കിയത്. ഗസ്സയിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തിനു വേണ്ടിയാണ് തുക കൈമാറിയത്. റയല്‍ മാഡ്രിഡ് വെബ്‌സൈറ്റാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഒരു ചടങ്ങിനിടെ ഫലസ്തീന്‍ എന്നെഴുതിയ ഷാള്‍ കഴുത്തിലണിഞ്ഞു നില്‍ക്കുന്ന ക്രിസ്റ്റ്യാനോയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ഏറെ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

ഫലസ്തീനോടുള്ള ആഭിമുഖ്യം മുമ്പും പല താരങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തവണ ലോകകപ്പില്‍ പങ്കെടുത്ത അള്‍ജീരിയന്‍ ടീം തങ്ങളുടെ പ്രതിഫലത്തുക ഫലസ്തീന് ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം, മുമ്പൊരിക്കല്‍ സ്പാനിഷ് ലീഗില്‍ ഫലസ്തീന് അനുകൂലമായ ഇന്നര്‍ ഷര്‍ട്ട് ധരിച്ച ഫ്രഡറി കാനൂട്ടിന് അച്ചടക്ക നടപടി നേരിടേണ്ടി വരികയും ചെയ്തു.

കടപ്പാട്: ചന്ദ്രിക

അഭിപ്രായങ്ങളൊന്നുമില്ല