Video Of Day

Breaking News

സായി ബാബ മുസ്ലിം ദൈവം, ഹിന്ദുക്കള്‍ ആരാധിക്കരുത്, യുപി വീണ്ടും സംഘര്‍ഷത്തിലേക്ക്

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ വര്‍ഗീയ സംഘര്‍ഷം ഉടലെടുക്കുന്നു. ഹിന്ദു മതത്തെ സംരക്ഷിക്കാന്‍ നാഗ സന്യാസിമാര്‍ തെരുവിലിറങ്ങിയതോടെ ഏതു നിമിഷവും കലാപം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഷിര്‍ദി സായി ബാബയെ ഹിന്ദുക്കള്‍ ആരാധിക്കേണ്ടെന്ന സ്വാമി സ്വരൂപാനന്ദ സ്വരസ്വതി പ്രസ്താവനയെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്.

സാധാരണ ഗതിയില്‍ കുംഭമേളയൊഴികെയുള്ള മുഴുവന്‍ സമയവും ധ്യാനത്തില്‍ മുഴുകാറുള്ള നാഗ സന്യാസിമാര്‍ 'സനാതന ധര്‍മ്മം' രക്ഷിക്കാനായി അക്രമാസക്തരായി തെരുവുകളില്‍ നിലയുറപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഷിര്‍ദി സായി ബാബ ഹിന്ദു അവതാരമാണെന്ന് അവകാശപ്പെടുന്നത് മതത്തിനു നേര്‍ക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു സരസ്വതിയുടെ പ്രഖ്യാപനം. അതുകൊണ്ടുതന്നെ ഹിന്ദുക്കാര്‍ ഷിര്‍ദി സായി ബാബയെ ആരാധിക്കുന്നതില്‍നിന്ന് പിന്മാറണമെന്നും അവര്‍ നിര്‍ദേശിച്ചിരുന്നു.

പ്രയാഗിലും ഹരിദ്വാറിലുമായി നാഗ സന്യാസിമാര്‍ യുദ്ധ സജ്ജരായി ഒത്തുകൂടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 'ഷിര്‍ദി സായി ബാബയുടെ ദൈവീകാവതാര'മെന്ന പ്രതിച്ഛായ തകര്‍ക്കാനുള്ള പദ്ധതിയാണ് നാഗസന്യാസിമാരുടെ നേതൃത്വത്തില്‍ നടക്കുന്നത്. രാജ്യമെമ്പാടുമായി രണ്ടു ലക്ഷത്തോളം നാഗസന്യാസിമാരാണുള്ളത്. ഇവര്‍ തെരുവിലിറങ്ങിയാല്‍ നിയന്ത്രിക്കുക ബുദ്ധിമുട്ടാകും. അല്‍പ വസ്ത്രധാരികളായ സന്യാസിമാര്‍ കുംഭമേളയുടെ സമയത്ത് ഗംഗാ സ്‌നാനത്തിന് കൂട്ടത്തോടെ എത്താറുണ്ട്.

ദ്വാരകാപീഠത്തിലെ ശങ്കരാചാര്യയായ സ്വാമി സ്വരൂപാനന്ദ സരസ്വതി ഷിര്‍ദി സായി ബാബയ്‌ക്കെതിരേ രൂക്ഷമായാണ് പ്രതികരിച്ചത്. ഷിര്‍ദി സായി ബാബു മുസ്ലിം ആണെന്നും അദ്ദേഹത്തെ ഹിന്ദു ദൈവമാക്കിയത് മുസ്ലിമുകളുടെ ഗൂഢാലോചനയാണെന്നുമാണ് അദ്ദേഹം ആരോപിച്ചത്. ഇതിനെതിരേ സായി ബാബ ആരാധകരും രംഗത്തുവന്നതോടെ സംഘര്‍ഷം ഉടലെടുത്തിരിക്കുകയാണ്. സ്വരൂപാനന്ദ സരസ്വതിയുടെ കോലം കത്തിക്കലില്‍ വരെ കാര്യങ്ങളില്‍ എത്തിയതോടെ പോലീസ് അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.

സ്വാമി സ്വരൂപാനന്ദയുടെ വാദത്തോട് യോജിക്കാന്‍ കേന്ദ്ര മന്ത്രിയും സന്യാസിനിയുമായ ഉമാ ഭാരതി തയാറായില്ല. സായി ബാബയുടെ ദൈവീക അംശത്തില്‍ താന്‍ വിശ്വസിക്കുന്നതായി അവര്‍ വ്യക്തമാക്കി. ഇതോടെ ഉമാഭാരതിക്കെതിരേയും സരസ്വതി രംഗത്തുവന്നു. മുസ്ലിംകളെ ആരാധിക്കുന്നതിനാലാണ് രാമക്ഷേത്രം എന്ന വാഗ്ദാനം ബിജെപി നടപ്പാക്കാത്തത് എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അതേസമയം ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കടുത്ത വിമര്‍ശകനാണ് സ്വരൂപാനന്ദ സരസ്വതി.

കോണ്‍ഗ്രസുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന അദ്ദേഹം വാരാണാസിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണയും പ്രഖ്യാപിച്ചിരുന്നു.  സരസ്വതിയെ വിമര്‍ശിച്ച് ആര്‍എസ്എസും രംഗത്തുവന്നു. അനാവശ്യമായ വിവാദമാണ് അദ്ദേഹം സൃഷ്ടിക്കുന്നതെന്നായിരുന്നു ആര്‍എസ്എസിന്റെ പ്രതികരണം. ഹിന്ദു മതവിശ്വാസികള്‍ അടക്കം പതിനായിരക്കണക്കിന് ഭക്തരാണ് ഷിര്‍ദി സായി ബാബയുടെ ഖബറിലേക്ക് ദിവസവും എത്തുന്നത്. വിശേഷാവസരങ്ങളില്‍ ഭക്തരുടെ എണ്ണം ഒരു ലക്ഷം വരെയായി ഉയരാറുണ്ട്. 

അഭിപ്രായങ്ങളൊന്നുമില്ല