ആദ്യ ഗോള്‍ മാഴ്‌സേലോയുടെ സെല്‍ഫ് ഗോള്‍: മലയാളിയുടെ പ്രവചനം ശരിയായിരുന്നു
2010 ലോകകപ്പില്‍ ഫല പ്രവചനത്തിലൂടെ ശ്രദ്ധേയനായ പോള്‍ നീരാളിയെ കടത്തിവെട്ടുന്ന പ്രവചനവുമായി ഒരു മലയാളി രംഗത്ത്. ബ്രസീല്‍ ലോകകപ്പില്‍ ആദ്യ ഗോള്‍ സെല്‍ഫ് ഗോളായിരിക്കുമെന്നും അത് മാഴ്‌സേലോയുടെ ബൂട്ടില്‍ നിന്നായിരിക്കുമെന്നും കൃത്യമായി പ്രവചിച്ച് ജോണ്‍ റാഫേല്‍ എന്ന മലയാളി യുവാവാണ് ശ്രദ്ധേയനായത്.
ട്വിറ്ററിലൂടെയാണ് ജോണ്‍ പ്രവചനം നടത്തിയത്. ആദ്യ മത്സരം തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് ജോണ്‍ ട്വിറ്ററിലൂടെ ഈ പ്രവചനം നടത്തിയത്.
ആദ്യം എല്ലാവരും പരിഹസിച്ചെങ്കിലും കളി കഴിഞ്ഞപ്പോള്‍ ജോണിന്റെ സുഹൃത്തുക്കള്‍ പോലും ഞെട്ടിപ്പോയി. ഏതായാലും ഈ പ്രവചനം ജോണിനെ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനാക്കിയിരിക്കുകയാണ്. നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ജോണിന്റെ പ്രവചനം വാര്‍ത്തയായി. പോള്‍ നീരാളിയുടെ പിന്‍ഗാമി എന്നാണ് ഒരു ബെല്‍ജിയം ദിനപ്പത്രം ജോണിനെ വിശേഷിപ്പിച്ചത്. ഇരിങ്ങാലക്കുട സ്വദേശിയും സൌത്ത് ഇന്ത്യന്‍ ബാങ്കില്‍ ജനറല്‍ മാനേജരുമായ ടിജെ റാഫേലിന്റെ മകനാണ് ജോണ്‍ റാഫേല്‍.
ജോണ്‍ റാഫേലും കുടുംബവും ഏറെ വര്‍ഷങ്ങളായി മുംബൈയിലാണ് താമസം. ജോണ്‍ റാഫേലിന്റെ പ്രവചനം ശരിയായത്തോടെ വിദേശ രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ ജോണിനെ ട്വിറ്ററില്‍ ഫോളോ ചെയ്ത് തുടങ്ങി. മറ്റ് കളികളുടെ ഫലങ്ങളും കൂടി പ്രവചിക്കണമെന്ന് ജോണിനോട് ട്വിറ്റര്‍ ഫോലോവേഴ്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ താന്‍ മനസ്സില്‍ തോന്നിയ കാര്യം വെറുതെ ട്വിറ്ററില്‍ കുറിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ജോണ്‍ പറഞ്ഞു.


അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ