Video Of Day

Breaking News

ടിക്കറ്റിന്റെ ബാക്കിയെച്ചൊല്ലിയുള്ള തര്‍ക്കം: യാത്രക്കാരി കണ്ടക്ടറെ തല്ലി

തിരുവനന്തപുരം: ടിക്കറ്റിന്റെ ബാക്കിയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വനിത യാത്രക്കാരി കണ്ടക്ടറുടെ ചെകിട്ടത്ത് അടിക്കുകയും ഇലക്ട്രോണിക് ടിക്കറ്റ് റാക്ക് അടിച്ചു തകര്‍ക്കുകയും ചെയ്തു.  ആര്യനാട് വെളളനാട് കൊണ്ണിയൂരാണ് സിനിമയെ വെല്ലുന്ന രംഗങ്ങള്‍ അരങ്ങേറിയത്.

സംഭവം ഇങ്ങനെയാണ് -ഇന്നലെ രാവിലെ 11.30ന് കാട്ടക്കട പുനലാല്‍ കൊണ്ണിയൂര്‍ വഴി നെടുമങ്ങാട്ടേയ്ക്ക് പോകുന്ന ആര്‍.ആര്‍.എം  103-ാം നമ്പര്‍ കെ.എസ്.ആര്‍.ടി.സി ബസിലാണ് സംഭവം നടന്നത്. കാട്ടാക്കടയില്‍ നിന്ന് ബസില്‍ ജയകുമാരി എന്ന യാത്രക്കാരി കയറി. ഇവര്‍ പത്തുരൂപ നല്‍കി കൊണ്ണിയൂരിലേയ്ക്ക് ടിക്കറ്റ് എടുത്തു. ഇതിന്റെ ബാക്കി കണ്ടക്ടര്‍  രഞ്ചിത്ത് അപ്പോള്‍ തന്നെ നല്‍കിയെന്ന് പറയുന്നു.

എന്നാല്‍ താന്‍ നല്‍കിയത് അമ്പതു രൂപയാണെന്നും ബാക്കി 40 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് യാത്രക്കാരിയും കണ്ടക്ടറും തമ്മില്‍ ബസിനകത്തു വച്ച് തന്നെ വാക്കു തര്‍ക്കമായി. കൊണ്ണിയൂര്‍ എത്തിയപ്പോള്‍ യാത്രാക്കരി ഇറങ്ങിയെങ്കിലും പുറത്തു നിന്ന് കണ്ടക്ടറുമായി ബാക്കിയെച്ചൊല്ലിയുള്ള തര്‍ക്കം തുടര്‍ന്നു. ബാക്കി നല്‍കാനില്ലെന്ന് പറഞ്ഞ് ബെല്ലടിച്ചു ബസ് യാത്ര തുടങ്ങാന്‍ സമയം പുറത്തു നിന്ന യാത്രക്കാരി ബസിനുള്ളിലേക്ക് കയറി കണ്ടക്ടറുടെ കഴുത്തിനു പിടിക്കുകയും ചെകിട്ടത്ത് അടിക്കുകയുമായിരുന്നു.

ഈ സമയം കണ്ടക്ടറുടെ കഴുത്തില്‍ തൂക്കിയിട്ടിരുന്ന ഇലക്ട്രോണിക് ടിക്കറ്റ് റാക്ക് ഇളകി താഴെ വീണു. ഇതിനെ എടുത്തു ബസിന്റെ പ്ലാറ്റ് ഫോമിലടിച്ച് അരിശം തീര്‍ത്ത ശേഷം യാത്രക്കാരി പുറത്തിരങ്ങിയത്. സംഭവം കണ്ട നാട്ടുകാരും ബസിലെ യാത്രക്കാരും ഇവരെ തടഞ്ഞു വയ്ക്കുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. എന്നാല്‍ പോലീസ് സ്ഥലത്ത് എത്തുന്നതിനു മുമ്പ് തന്നെ ഇവര്‍ സ്ഥലം വിട്ടു.

ഇതിനു ശേഷമാണ് കണ്ടക്ടര്‍ ആര്യനാട് പോലീസ് സ്‌റ്റേഷിലെത്തി പരാതി നല്‍കിയത്. മര്‍ദ്ദനമേറ്റ കണ്ടക്ടര്‍ രഞ്ജിത്ത് ആര്യനാട് ആശുപത്രിയില്‍ ചികിത്സ തേടി. കണ്ടക്ടറെ മര്‍ദ്ദിച്ച യാത്രക്കാരി ജയകുമാരി കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായും ഇവരുടെ പേരില്‍ കേസെടുത്തതായും ആര്യനാട് പോലീസ് അറിയിച്ചു. ഇലക്ട്രോണിക് ടിക്കറ്റ് റാക്കിന്റെ വില 9000 രൂപയും ബസിന്റെ ട്രിപ്പ് മുടങ്ങിയ വകയില്‍ 6500 രൂപയുടേയും നഷ്ടം ഉണ്ടായതായി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.

കടപ്പാട് രാഷ്ട്രദീപിക

അഭിപ്രായങ്ങളൊന്നുമില്ല