Video Of Day

Breaking News

ഫാല്‍ക്കാവോയില്ലാതെ എന്ത് കൊളംബിയ?

ലാറ്റിനമേരിക്കന്‍ ലോകകപ്പില്‍ കൊളംബിയ കറുത്ത കുതിരകളാകുമെന്ന് കരുതിയിരുന്നവരേറെയാണ്. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഉയിര്‍പ്പിന് കളമൊരുക്കുകയും പിന്നീട് മൊണാക്കോയിലേക്ക് കൂടുമാറുകയും ചെയ്ത റഡാമെല്‍ ഫാല്‍ക്കാവോ എന്ന സൂപ്പര്‍താരത്തെ മനസ്സില്‍ക്കണ്ടുകൊണ്ടാണ് കൊളംബിയയില്‍ ആരാധകര്‍ വിശ്വാസം നിക്ഷേപിച്ചത്. എന്നാല്‍, ഹോസെ പെക്കര്‍മാന്റെ ടീമില്‍ എത്തിപ്പെടാനുള്ള ശാരീരികക്ഷമത ഇല്ലെന്നുറപ്പായതോടെ, ഫാല്‍ക്കാവോ തന്റെ ബ്രസീല്‍ യാത്ര വേണ്ടെന്നുവെച്ചു. ഫാല്‍ക്കാവോ ഇല്ലാത്ത കൊളംബിയന്‍ ടീമിന് കറുത്ത കുതിരകളാകാന്‍ ശേഷിയുണ്ടോ എന്ന് ആരാധകര്‍തന്നെ സംശയിക്കുന്നു. 

സ്വീഡന്‍ ലോകകപ്പ് നേടാതിരുന്നപ്പോള്‍, സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് നടത്തിയ ഒരു പരാമര്‍ശം പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 'എന്റെ നഷ്ടമല്ല, ലോകകപ്പിന്റെ നഷ്ടം' - എന്നാണ് സ്വീഡന്റെ പരാജയത്തെ സ്ലാട്ടന്‍ വിലയിരുത്തിയത്. ഫാല്‍ക്കാവോ ഇല്ലെന്ന വാര്‍ത്ത ലോകകപ്പിന്റെ നഷ്ടം വീണ്ടും വലുതാക്കുകയാണ്. സമീപകാല ഫുട്‌ബോളിലെ സൂപ്പര്‍താരങ്ങളിലൊരാള്‍ കൂടി ബ്രസീലില്‍ കാണികളെ ത്രസിപ്പിക്കാനുണ്ടാവില്ല. 

ജനവരിയില്‍ കാല്‍മുട്ടിനേറ്റ പരിക്കാണ് ഫാല്‍ക്കാവോയുടെ വഴി തടഞ്ഞത്. പരിക്ക് മുക്തമാകുമെന്ന പ്രതീക്ഷയില്‍ ഫാല്‍ക്കാവോയെ പെക്കര്‍മാന്‍ ടീമിലുള്‍പ്പെടുത്തുകയും ചെയ്തിരുന്നു. യോഗ്യതാ റൗണ്ടില്‍ ഫാല്‍ക്കാവോ ഒമ്പത് ഗോളാണ് നേടിയത്. കൊളംബിയയുടെ ടോപ്‌സ്‌കോററും. മുന്നേറ്റത്തില്‍ ഫാല്‍ക്കാവോയുണ്ടെങ്കില്‍, കൊളംബിയയ്ക്ക് എതിരാളികളില്‍ പലരുടെയും ഹൃദയം കീറിമുറിക്കാനാകുമെന്നാണ് കൊളംബിയന്‍ ആരാധകര്‍ കണക്കുകൂട്ടിയിരുന്നത്. 1998-നുശേഷം ആദ്യമായി ലോകകപ്പിനെത്തുന്ന ലാറ്റിനമേരിക്കന്‍ ശക്തികള്‍ക്ക് ഫാല്‍ക്കാവോയുടെ അഭാവം തീര്‍ത്താല്‍തീരാത്ത മുറിവായി മാറി. 

തിരക്കേറിയ ക്ലബ്ബ് സീസണ്‍ എല്ലാ ലോകകപ്പുകളില്‍നിന്ന് കുറെ പ്രമുഖരെ ഇല്ലാതാക്കാറുണ്ട്. ഇക്കുറിയും അതിന് മാറ്റമില്ല. ഫാല്‍ക്കാവോയെപ്പോലെ സ്വന്തം ടീമിനെ ഗാലറിയിലിരുന്ന് പ്രോത്സാഹിപ്പിക്കേണ്ടിവരുന്ന പ്രമുഖര്‍ വേറെയുമുണ്ട്. ഇറ്റാലിയന്‍ താരം റിക്കാര്‍ഡോ മോണ്ടോലിവോയ്ക്ക് അയര്‍ലന്‍ഡിനെതിരായ സൗഹൃദ മത്സരത്തിനിടെയാണ് പരിക്കേറ്റത്. കാലൊടിഞ്ഞ താരത്തിന് ബ്രസീല്‍ ലോകകപ്പ് നഷ്ടമാവുകയും ചെയ്തു. 

ഹോളണ്ടിന് ഒന്നും രണ്ടുമല്ല നഷ്ടം. മൂന്ന് പ്രമുഖരെയാണ് പരിക്ക് റാഞ്ചിയത്. തുടയ്ക്ക് പരിക്കേറ്റ റാഫേല്‍ വാന്‍ഡെര്‍ വാര്‍ട്ടും കാല്‍മുട്ടിന് പരിക്കേറ്റ പ്രതിരോധനിര താരം ഗ്രിഗറി വാന്‍ഡെര്‍ വീലും കെവിന്‍ സ്ട്രൂട്‌സ്മാനും ലോകകപ്പിനില്ലാതായതോടെ, ഡച്ച് ടീമില്‍ പരിചയസമ്പത്ത് വല്ലാതെ ചോര്‍ന്നു. ടീമിലെ ഒന്നാം നിര ഗോള്‍കീപ്പറല്ലെങ്കിലും ബാഴ്‌സലോണയുടെ ഗോള്‍കീപ്പര്‍ വിക്ടര്‍ വാല്‍ഡെസിന്റെ പരിക്ക് സ്പാനിഷ് ടീമിനും തിരിച്ചടിയാണ്. ബയറണ്‍ മ്യൂണിക്കിലെ യുവതാരം തിയാഗോ അല്‍ക്കാന്‍ട്രയാണ് സ്‌പെയിനിന്റെ മറ്റൊരു വേദന. 

ഇംഗ്ലണ്ടിനുമുണ്ട് നഷ്ടമേറെ. തിയോ വാല്‍ക്കോട്ടിനെ നേരത്തെതന്നെ നഷ്ടപ്പെട്ട ഇംഗ്ലീഷ് നിരയ്ക്ക് ടോട്ടനം താരങ്ങളായ കൈല്‍ വാക്കറും ആന്‍ഡ്രൂസ് ടൗണ്‍സെന്‍ഡും കളിക്കാനില്ലാത്തത് കൂടുതല്‍ നഷ്ടങ്ങളായി. ജര്‍മനിക്ക് പ്രതിരോധത്തിലാണ് നഷ്ടം. കഴിഞ്ഞ വര്‍ഷമൊടുവില്‍ പരിക്കേറ്റ ഹോള്‍ഗര്‍ ബാഡ്സ്റ്റിയൂബറും മിഡ്ഫീല്‍ഡര്‍ ഇല്‍ക്കെ ഗുണ്ടഗനും ബ്രസീലിലേക്ക് വരുന്നില്ല. മെക്‌സിക്കോയുടെ ലൂയിസ് മോണ്ടെസ്, ക്രൊയേഷ്യയുടെ നിക്കോ ക്രാനിക്കര്‍, അമേരിക്കയുടെ സ്റ്റ്യുവര്‍ട്ട് ഹോള്‍ഡന്‍, കോസ്റ്റാറിക്കയുടെ അല്‍വാരോ സബോറിയോ എന്നിവരും പരിക്കുകാരണം അവസാന നിമിഷം ലോകകപ്പില്‍നിന്ന് പിന്മാറേണ്ടിവന്നവരാണ്. 

ക്ലബ്ബ് സീസണൊടുവില്‍ പരിക്കേറ്റ ഉറുഗ്വായുടെ ലൂയി സുവാരസ്, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങി ഒട്ടേറെ വലിയ താരങ്ങള്‍ക്ക് ലോകകപ്പ് കടുത്ത വെല്ലുവിളിയാണ്. പ്രമുഖ ടീമുകളിലെ പ്രധാന താരങ്ങളൊക്കെ ക്ലബ്ബ് സീസണില്‍മുഴുവന്‍ കളിക്കേണ്ടിവരികയും എതിരാളികളുടെ നിരന്തര ടാക്ലിങ്ങിന് വിധേയരാവുകയും ചെയ്യുമ്പോള്‍, തീയാളുന്നത് ദേശീയ ടീമിന്റെ ആരാധകര്‍ക്കാണ്. സുവാരസിനെ ഫൗള്‍ ചെയ്ത ന്യൂകാസില്‍ യുണൈറ്റഡ് താരം പോള്‍ ഡ്യൂമെറ്റിന് ഉറുഗ്വായ് ആരാധകരില്‍നിന്ന് വധഭീഷണി നേരിടേണ്ടിവരുന്നത് ഇതേ ആശങ്കകൊണ്ടുതന്നെ.

അഭിപ്രായങ്ങളൊന്നുമില്ല