Video Of Day

Breaking News

ബാംഗ്ലൂര്‍ ഡെയ്സ് സിനിമ പിറന്നതിന് പിന്നില്‍ ഒരു കുട്ടിയുണ്ട്: അഞ്ജലി മേനോന്‍

ഒരു ശരാശരി മലയാളി തീയറ്ററിലെത്തുന്നത് അവരുടെ വാരാന്ത്യങ്ങള്‍ ആസ്വദിക്കാനോ ഒന്ന് ഉല്ലസിക്കാനോ ആണ്. ആയിരം പടങ്ങള്‍ ഉണ്ടാവുന്നതില്‍ ഭൂരിപക്ഷവും എന്റര്‍ടൈന്‍മെന്റ് പാക്കേജ് ആയി ഇറങ്ങുന്നതും അതുകൊണ്ടുതന്നെ. എനിക്ക് ഒരു അനുഭവമുണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പാണ്. തെരുവുകുട്ടികളുടെ കൂടെ ഒരു പ്രൊജക്റ്റ് ചെയ്തിരുന്നു. രാവിലെ മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ കാശ് വൈകിട്ട് വേറൊരാള്‍ക്ക് കൊടുക്കുന്ന കുറെ കുഞ്ഞുങ്ങള്‍. അതിലൊരുകുട്ടി ഒരു ദിവസം എന്നോടു പറഞ്ഞു. ' ചേച്ചീ.. ഇന്നലെ ഞാന്‍ കുറച്ചധികം പൈസയുണ്ടാക്കി. എനിക്ക് കുറച്ചുകിട്ടുകേം ചെയ്തു. എന്റെ മുന്നില്‍ രണ്ട് കാര്യമുണ്ടായിരുന്നു.

നല്ല വിശപ്പുള്ളതുകൊണ്ട് ബിരിയാണി കഴിക്കാം, അല്ലെങ്കില്‍ ഒരു സിനിമ കാണാം. ഞാന്‍ പോയി സിനിമ കണ്ടു' എന്ന്. 'കുട്ടിക്ക് വിശക്കില്ലേ.. ഭക്ഷണം കഴിക്കായിരുന്നില്ലേ?' എന്ന് ഞാന്‍ ചോദിച്ചു. വിശപ്പിനുമുകളിലാണോ സിനിമ എന്ന് അത്ഭുതപ്പെട്ടുനിന്നപ്പോള്‍ അവന്‍ പറഞ്ഞ വാക്കുകള്‍ എനിക്ക് ഒരിക്കലും മറക്കാനാവില്ല. 'ചേച്ചീ.. എനിക്ക് വേണേല്‍ ബിരിയാണി കഴിക്കാം. പക്ഷെ കുറച്ചുകഴിഞ്ഞാല്‍ പിന്നേം വിശക്കും. എന്നാല്‍ ഒരു സിനിമ കണ്ടാല്‍ അതിങ്ങനെ മനസ്സിലിങ്ങനെ നിറഞ്ഞ് നില്‍ക്കും. കുറെ ദിവസം എനിക്ക് അതിന്റെ ഒരു സന്തോഷമുണ്ടാവും.'

ഞാന്‍ അതുവരെ ചിന്തിക്കാതിരുന്ന ഒന്നായിരുന്നു അത്. അവന്റെ വാക്കുകള്‍ ശരിക്കും മനസ്സില്‍ പതിഞ്ഞു. ചെറിയ കുട്ടിയായിരുന്നു അവന്‍. എന്നിട്ടും ആ കുട്ടി ചിന്തിച്ച രീതി, അതാണ് എന്നെ ഞെട്ടിച്ചത്. അന്നേ ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചിരുന്നു ഒരു മുഴുനീള എന്റര്‍ടൈനര്‍.. ടോട്ടല്‍ ഫണ്‍ മൂവി... അതിന് ഒരു അവസരം കിട്ടിയപ്പോള്‍ അത് ചെയ്തു. സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചു എന്നറിഞ്ഞപ്പോള്‍, ഞാന്‍ ഉദ്ദേശിച്ച ഫലം കണ്ടു എന്നറിയുമ്പോള്‍ സന്തോഷം തന്നെയാണ്.

അഭിപ്രായങ്ങളൊന്നുമില്ല