Video Of Day

Breaking News

ഭഗവദ്‌ഗീതയെ ആസ്‌പദമാക്കി പരീക്ഷ; ഒന്നാം സമ്മാനം മുസ്‌ളീം പെണ്‍കുട്ടിക്ക്‌

മുംബൈ: സ്‌കൂളിലെ പരീക്ഷകളിലെല്ലാം ഒന്നാം റാങ്കുകാരിയാണ്‌ മുംബൈയിലെ മുസ്‌ളീംപെണ്‍കുട്ടിയായ മാര്യം സിദ്ദിഖി. പക്ഷേ ഇത്തവണ ഈ 12 കാരി ശ്രദ്ധിക്കപ്പെട്ടത്‌ മറ്റൊരു മതവുമായി ബന്ധപ്പെട്ട അറിവിന്റെ പേരിലും. ഹിന്ദുമതത്തിന്റെ പുരാണേതിഹാസങ്ങളില്‍ ഒന്നായ ഭഗവദ്‌ഗീതയുമായി ബന്ധപ്പെട്ട എഴുത്തു പരീക്ഷയില്‍ ഒന്നാം സമ്മാനം നേടിയത്‌ മീരാ റോഡിലെ കോസ്‌മോ പോളിത്തന്‍ ഹൈസ്‌കൂളിലെ ഈ ആറാം ക്‌ളാസ്സുകാരിയായിരുന്നു.

ജനുവരിയില്‍ 3,000 പേര്‍ പങ്കെടുത്ത 'ഗീതാ ചാമ്പ്യന്‍സ്‌ ലീഗ്‌' മത്സരത്തിലാണ്‌ മാര്യം ഒന്നാമതെത്തിയത്‌. അന്താരാഷ്‌ട്ര കൃഷ്‌ണാ കോണ്‍ഷ്യസ്‌ സൊസൈറ്റിയാണ്‌ (ഇസ്‌കോണ്‍)പരീക്ഷ നടത്തിയത്‌. ഗീതയിലെ ആവഗാഹം പരീക്ഷിക്കുന്ന 100 മാര്‍ക്ക്‌ വരുന്ന വിവിധ ചോദ്യങ്ങള്‍ അടങ്ങുന്നതായിരുന്നു പരീക്ഷ. മറ്റു മതപാഠങ്ങളിലും ആഴത്തില്‍ ആവഗാഹമുള്ള മാര്യം സ്വന്തം ടീച്ചര്‍മാരില്‍ നിന്നാണ്‌ പരീക്ഷയുടെ വിവരം അറിഞ്ഞതും മത്സരത്തില്‍ പങ്കെടുക്കാന്‍ തീരുമാനം എടുത്തതും. മാതാപിതാക്കളുടെ പിന്തുണ കൂടിയായപ്പോള്‍ മാര്യത്തിന്‌ ആവേശം കൂടി.

പരീക്ഷയ്‌ക്ക് കൃത്യം ഒരുമാസംമുമ്പ്‌ ഇസ്‌കോണ്‍ മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിയ ഇംഗ്‌ളീഷിലുള്ള പുസ്‌തകത്തെ ആസ്‌പദമാക്കിയായിരുന്നു പരീക്ഷ. ഈ പുസ്‌തകം പഠിച്ച്‌ ഗീത എന്താണ്‌ പറയാന്‍ ശ്രമിക്കുന്നതെന്ന്‌ മനസ്സിലാക്കാന്‍ ശ്രമിച്ചു. ഇതിലുടെ മറ്റൊരു മതത്തേക്കുറിച്ചും മനുഷ്യത്വത്തേക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കാനാണ്‌ ശ്രമിച്ചതെന്ന്‌ ഈ കൊച്ചുമിടുക്കി പറയുന്നു. മതവിജ്‌ഞാനത്തിന്റെ കാര്യത്തില്‍ എപ്പോഴും മാതാപിതാക്കളുമായി ചര്‍ച്ച നടത്താറുള്ള മാര്യം എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നാണ്‌ മാതാപിതാക്കള്‍ പഠിപ്പിച്ചതെന്ന്‌ പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല